സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ തകർപ്പൻ തിരിച്ചുവരവിന് നിമിത്തമാകും എന്ന് പ്രേക്ഷകർ വിശ്വസിക്കുന്ന കാവൽ നാളെ മുതൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗുഡ്വിൽ എന്റെർറ്റൈന്മെന്റ്സിനു വേണ്ടി ജോബി ജോർജ് നിർമ്മിച്ച കാവൽ നിതിൻ രഞ്ജി പണിക്കരാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കാവൽ പ്രമോഷൻ ചടങ്ങിനിടെ സുരേഷ് ഗോപി സിനിമയെ കുറിച്ച് പറഞ്ഞത് ‘നിരാലംബരായ സ്ത്രീകൾക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു സിനിമയാകും കാവൽ’ എന്നാണ്. ദുബായിൽ വച്ചു അരങ്ങേറിയ കാവൽ റിലീസ് സംബന്ധിച്ച് മീഡിയകളെ കണ്ടു സംസാരിക്കുകയായിരുന്നു നടനും എം.പി.യുമായ സുരേഷ് ഗോപി.
സുരേഷ് ഗോപി പങ്കുവയ്ക്കുന്ന ഒരു ആഗ്രഹം എന്തെന്നാൽ, പീഡനത്തിന് ഇരയാകുന്നവരെയെല്ലാം തനിക്ക് സംരക്ഷിക്കാനായില്ലെങ്കിലും അവർക്കെല്ലാം തന്നെ ഒരു കാവലായി ഉണ്ടാകണമെന്നതാണ്. നിർമാതാവ് ജോബി ജോർജിന് ഈ കൊമേർഷ്യൽ സിനിമ തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നത് ഒരു വാശിയായിരുന്നു. മികച്ച ഒടിടി ഓഫർ വന്നപ്പോഴും ജോബി ജോർജ് അതിനു സമ്മതിക്കാതെ തീയേറ്ററുകളിൽ തന്നെ ഈ സിനിമ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിയേറ്ററുകളെ പിന്തുണയ്ക്കുമ്പോഴും അതോടൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളുടെ ഇന്നത്തെ പ്രസക്തിയെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചു. രണ്ടിടങ്ങളിലും സിനിമകൾ വരേണ്ടത് അത്യാവശ്യമാണെന്ന് സുരേഷ് ഗോപി എടുത്തുപറഞ്ഞു.
വിവാദമായ ചുരുളിയിലെ തെറി സംഭാഷണങ്ങളെ കുറിച്ച് പറയാൻ താൻ ആളല്ലെന്ന് കാവൽ സംവിധാനം ചെയ്ത നിതിൻ രൺജി പണിക്കർ അങ്ങനെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കുടുംബപ്രേക്ഷകരേയും എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന ഒരു സിനിമയായിരിക്കും എന്നും ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ് എന്നും സംവിധായകൻ വ്യക്തമാക്കുന്നു. സുരേഷ് ഗോപി എന്ന നടന് ആക്ഷൻ ഹീറോ പരിവേഷത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് കാവൽ വഴിവെക്കുമെന്നാണ് സൂചന. കേരളത്തോടൊപ്പം കാവൽ ഗൾഫിൽ വ്യാഴാഴ്ചയാണ് റിലീസാവുന്നത്. നായികയായി എത്തുന്നത് റേച്ചൽ ഡേവിഡ് ആണ്.
