COLLECTION REPORT

ഓരോ ദിവസം കഴിയുംതോറും വീര്യം കൂടി മെഗാസ്റ്റാറിന്റെ പ്രീസ്റ്റ്; മൗത്ത് പബ്ലിസിറ്റിയും ബോക്സ്‌ ഓഫീസ് കളക്ഷനും “വേറെ ലെവൽ” #പ്രീസ്റ്റ്_റിവ്യൂ

കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യമായി തിയറ്ററുകളിലേക്ക് നേരിട്ട് റിലീസിന് എത്തുന്ന ഒരു സൂപ്പർ-മെഗാതാര ചിത്രം എന്ന സവിശേഷതയോടെ എത്തിയ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ദ പ്രീസ്റ്റ്’. മമ്മൂട്ടി എന്ന നടൻ ഒരു ഡാർക്ക്‌ ഹൊറർ ത്രില്ലർ തന്റെ കരിയറിൽ ഇന്നോളം ഒട്ടും ചെയ്തിട്ടില്ല എന്ന് തന്നെ പറയാം. അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വ്യത്യസ്തമായ ഒരു ഗെറ്റപ്പും വേഷവും ഒക്കെയാണ് പ്രീസ്റ്റ് എന്ന ത്രില്ലർ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷർക്ക് ത്രസ്സിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ ഉടനീളം നൽകുന്നു. ഉണ്ണിമൂലം, കുഞ്ഞിരാമായണം തുടങ്ങിയ ശ്രദ്ധേയ സിനിമകൾ സമ്മാനിച്ച ദീപു പ്രദീപും, ശ്യാം മേനോനുമാണ് പ്രീസ്റ്റിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത്.

പാര സൈക്കോളജിസ്റ്റും പ്രൈവറ്റ് ഡിക്ടറ്റീവും കൂടിയായ ഫാദര്‍ ബെനഡിക്റ്റ് എന്നൊരു കപ്പുച്ചിന്‍ ഫാദറായിട്ട് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ കളം നിറഞ്ഞ് കളിക്കുമ്പോൾ അമേയ എന്ന കഥാപാത്രമായി ബേബി മോണിക്ക അവിസ്മരണീയ പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. മഞ്ജു വാര്യരും ഈ ചിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ആകുമ്പോൾ നിഖില വിമല്‍, വെങ്കിടേഷ് എന്നീ താരങ്ങൾ തതുല്യ വേഷത്തിൽ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. ഇവരെ കൂടാതെ ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും അവരരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കുന്നു. ഒരു കാര്യം എന്തെന്നാൽ, പ്രീസ്റ്റിന്റെ ആദ്യ പകുതി നിർത്തുമ്പോൾ പ്രേക്ഷകർക്ക് രോമാഞ്ചം വരുന്ന സ്ഥിതി വിശേഷം ഈ സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായി എടുത്തുപറയാൻ കഴിയും.

കേരളത്തിലെ ഒരു സമ്പന്നമായ കുടുംബത്തിലെ തന്നെ കൊലപാതക പരമ്പരയുടെ അന്വേഷണങ്ങളുടെ ചുരുളുകൾ അഴിച്ചുകൊണ്ടാണ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് കഥാഗതി വളരെ ഉദ്വേഗത്തോടെ പല സന്ദർഭങ്ങളിലേക്കും ചേക്കേറുമ്പോൾ പ്രേക്ഷകർക്ക് ആവേശം നൽകുന്ന നിമിഷങ്ങൾ സിനിമയിലുണ്ടാകുന്നുണ്ട്. അതെല്ലാം തിയറ്ററിൽ ഇരുന്ന് എക്സ്പീരിയൻസ് ചെയ്യേണ്ട ത്രില്ലിംഗ് അനുഭവങ്ങളാണ്. അതിനു കാരണം സാങ്കേതികപരമായി അസാധ്യ വർക്ക്‌ തന്നെയാണ് ചെയ്തുവച്ചിരിക്കുന്നത്. അഖില്‍ ജോര്‍ജിന്റെ ക്യാമറയും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും സിനിമയുടെ ടോൺ ആകെ വേറെ മൂഡിലേക്ക് കൊണ്ടുപോയപ്പോൾ രാഹുൽ രാജ് അണിയിച്ചൊരുക്കിയ സംഗീതവും പശ്ചാത്തല സംഗീതാവുമെല്ലാം കഥഗതിയോട് അത്രത്തോളം സിങ്ക് ആയിരുന്നു. സിനിമയെ മറ്റൊരു തലത്തിലെത്തിക്കാൻ രാഹുൽ രാജിന്റെ ബി.ജി.എം വർക്ക്‌ നല്ലപോലെ സഹായിച്ചിട്ടുണ്ട് എന്നത് സുവ്യക്തം.

മാർച്ച്‌ 11ആം തിയതി റിലീസ് ചെയ്തത് മുതൽ ഇങ്ങോട്ട് ഓരോ ദിവസം കടന്നു പോകുമ്പോളും ഈ സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ഏറി വരികയാണ്. ആദ്യ ദിന കളക്ഷൻ കോവിഡിന് മുമ്പുള്ള തിയറ്റർ കളക്ഷൻ പോലെ തന്നെ ശക്തം ആയിരുന്നു എന്ന് നിർമ്മാതാവ് ആന്റോ ജോസഫ് തന്നെ വ്യക്തമാക്കുന്നു. ബോക്സ്‌ ഓഫീസിൽ ഒരിടവേളയ്ക്ക് ശേഷം ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ നേട്ടമാണ് മമ്മൂട്ടി ചിത്രം പ്രീസ്റ്റ് കൊയ്യുന്നത്. ചിത്രത്തിന്റെ റിലീസ് കേന്ദ്രങ്ങളിൽ എല്ലാം മികച്ച പ്രേക്ഷക പങ്കാളിത്തോടെയാണ് ഷോകൾ പുരോഗമിക്കുന്നത്. മലയാള സിനിമാ വ്യവസായത്തിന് ഒരു കൈത്താങ്ങ് ആയിരിക്കുകയാണ് ഈ മമ്മൂട്ടി ചിത്രം. സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ചിത്രം വലിയ വിജയമാക്കാൻ ജോഫിൻ എന്ന നവാഗതന് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. പ്രീസ്റ്റ് എന്ന ചിത്രത്തിനും ഫാദർ ബെനഡിക്റ്റ് എന്ന കഥാപാത്രത്തിനും തുടർച്ചയുണ്ടാകുമോ എന്ന സംശയം ആരാധകരടക്കം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ച ചെയ്യുന്നുണ്ട്. കാരണം അത്രയേറെ സാധ്യതകൾ നിലനിർത്തിയാണ് മമ്മൂട്ടി – ജോഫിൻ ചിത്രം ‘ദ പ്രീസ്റ്റ്’ അവസാനിക്കുന്നത്.

Most Popular

To Top