തിയറ്ററുകളിൽ ഹൗസ്ഫുൾ ബോർഡുകൾ; വിജയഗാഥ തുടർന്ന് വെള്ളം രണ്ടാം വാരത്തിലേക്ക്..
സൂപ്പർഹിറ്റ് വിജയമായ ക്യാപ്റ്റൻ എന്ന ബയോപിക് സിനിമയ്ക്ക് ശേഷം പ്രജീഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, ജയസൂര്യ നായകനായെത്തിയ വെള്ളം രണ്ടാം വാരത്തിലേക്ക്. മികച്ച സിനിമ എന്ന പ്രശംസ നേടി കൊണ്ടാണ് ജയസൂര്യയുടെ വെള്ളം കുതിക്കുന്നത്. ഇതുവരെ വെള്ളം എന്ന സിനിമ കണ്ട പ്രേക്ഷകരും അതോടൊപ്പം തന്നെ സിനിമാ മേഖലയിലുള്ള താരങ്ങളും വളരെ മികച്ച അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ഈ മൊത്തം പബ്ലിസിറ്റിയാണ് സിനിമയെ വിജയത്തിലേക്ക് നയിക്കുന്നത്. ജയസൂര്യ എന്ന നടന്റെ അഭിനയ നാൾവഴികളിലെ പ്രധാനപ്പെട്ട നാഴികക്കല്ല് കൂടിയാണ് വെള്ളം.
വടക്കൻ കേരളത്തിൽ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ് ‘വെള്ളം’. കുടിയനായ മുരളിയായി എത്തുന്ന ജയസൂര്യ അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ മുഴുനീള കഥാപാത്രമാണ് വെള്ളത്തിലൂടെ ചെയ്തിരിക്കുന്നത്. മുരളി എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ മുരളി കുന്നുംപുറത്ത് എന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയ്ക്ക് ആധാരം. ജയസൂര്യയുടെ നായികയായി എത്തിയ സംയുക്ത മേനോൻ, തീവണ്ടി എന്ന ചിത്രത്തിന് ശേഷം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവരെക്കൂടാതെ സിദ്ദിഖ്, ബാബു അന്നൂർ, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിർമൽ പാലാഴി, ഇന്ദ്രൻസ്, ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും വെള്ളത്തിന്റെ മാറ്റുകൂട്ടുന്ന വിധം ഗംഭീരമായിരുന്നു.
ബിജിപാലാണ് വെള്ളത്തിനുവേണ്ടി മനോഹരമായ സംഗീതം ഒരുക്കിയന്ത്. വടക്കൻ കേരളത്തിന്റെ സൗന്ദര്യം ഭംഗിയായി പകർത്തിയ ക്യാമറാമാൻ റോബി വർഗീസ് മികച്ചുനിന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മനമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കോവിഡ് ലോക്ഡൗൺ കാരണം അടച്ചുപൂട്ടിയ തിയേറ്ററുകളെ 318 ദിവസങ്ങൾക്ക് ശേഷം തുറക്കാൻ സഹായിച്ച മലയാള സിനിമ കൂടിയാണ് വെള്ളം.
