REVIEW

ഞെട്ടിച്ച് ചാക്കോച്ചൻ..കൂടെ അരവിന്ദ് സ്വാമിയും ഈഷയും – ഒറ്റ് റിവ്യൂ വായിക്കാം

തീവണ്ടി എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകന്റെ അടുത്ത ചിത്രമെന്ന നിലയിലും കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രം എന്ന നിലയിലും ഒറ്റ് ആദ്യംമുതൽക്കെ പ്രതീക്ഷകൾ തന്നിരുന്നു.പിന്നീട് ആ സിനിമയുടേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും ആ പ്രതീക്ഷകൾക്കൊപ്പം തന്നെ നിന്നു.മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ ട്രെയിലറുകൾ ഏറെ പ്രതീക്ഷകൾ നൽകി.അത്കൊണ്ട് തന്നെ തിരുവോണ നാളിൽ ആദ്യ ഷോ ഏറ്റുമാനൂർ യു ജി എം തിയറ്ററിൽ ബുക്ക് ചെയ്തു.നിർഭാഗ്യവശാൽ ആ ഷോ ക്യാൻസൽ ആയി…അങ്ങനെ ഉച്ചക്ക് നേരെ കോട്ടയം അനുപമക്ക് പിടിച്ചു സിനിമ കാണാൻ..

പൈസക്ക് കുറച്ച് ആവശ്യമുള്ള കിച്ചു മറ്റു ചിലർക്ക് വേണ്ടി ഒരു ദൗത്യം ഏറ്റെടുത്ത് ഡേവിഡിന്റെ അടുത്തേക്ക് എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്…കണ്ടുമുട്ടലിനു ശേഷം ഇവർ നടത്തുന്ന യാത്ര സിനിമയെ മുൻപോട്ട് നയിക്കുന്നു.

കിച്ചു എന്ന കഥാപാത്രത്തെ ചാക്കോച്ചൻ മികച്ച രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്…ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ രാജീവനിൽ കണ്ട ആളെ അല്ല ഈ സിനിമയിൽ..തികച്ചും വ്യത്യസ്തമായ മാനറിസവും ശരീര ഭാഷയുമായ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ചാക്കോച്ചൻ.രണ്ടാം പകുതിയിൽ ഒക്കെ അത്രക്ക് ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്..തമിഴിലേക്കുള്ള മികച്ച എൻട്രിയാണ് ഈ സിനിമയിലൂടെ ചാക്കോച്ചൻ നടത്തിയിരിക്കുന്നത്…ഡേവിഡ് എന്ന കഥാപാത്രമായി അരവിന്ദ് സ്വാമിയും തകർത്തഭിനയിച്ചു..ആക്ഷൻ രംഗങ്ങളിലെ ഒക്കെ രണ്ടു പേരുടെയും മികവ് എടുത്ത് പറയണം…നായികയായി എത്തിയ ഈഷ റെബയും ശ്രദ്ധ നേടുന്നുണ്ട് തന്റെ കഥാപാത്രത്തിലൂടെ..ചാച്ചാ എന്ന കഥാപാത്രമായി എത്തിയ ആടുകളം നരേൻ,അമാൽഡ, ജിൻസ് ഭാസ്കർ എന്നിവരും ശ്രദ്ധ നേടുന്നു.

തീവണ്ടി എന്ന സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്തമായ സിനിമയാണ് ഫെല്ലിനി ഒരുക്കിയിരിക്കുന്നത്…റോഡ് ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താം ഈ സിനിമയെ..എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടാനുള്ളതെല്ലാം ഒരുക്കിയിട്ടുണ്ട് സംവിധായകൻ..

പതിഞ്ഞതാളത്തിൽ തുടങ്ങിയ സിനിമ കഥാപാത്രങ്ങളുടെ യാത്രക്കിടയിൽ ഉള്ള ഒരു ഗിയർ മാറ്റത്തിൽ മൊത്തത്തിൽ വേറെ തലത്തിലേക്ക് എത്തുന്നുണ്ട്..അവിടുന്ന് അങ്ങോട്ട് ക്ലൈമാക്സ് വരെ ചിത്രം നല്ല വേഗതയിലാണ് മുൻപോട്ട് പോകുന്നത്.അതിൽ എടുത്ത് പറയേണ്ടത് ക്ലൈമാക്സ് രംഗങ്ങളാണ്..ഈ ചിത്രത്തിനെ വേറെ തലത്തിലേക്ക് എത്തിച്ചതും ഈ രംഗങ്ങളാണ്…അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങും അരുൾരാജ് കെന്നഡിയുടെ പശ്ചാത്തല സംഗീതവും അതിനു കൂടുതൽ സഹായകമായി.ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്.

മലയാള സിനിമയിൽ സ്ഥിരം കാണുന്ന തരമൊരു സിനിമയല്ല ഇത്..യാത്രയിലൂടേയും കഥകളിലൂടെയും പ്രേക്ഷകരിലേക്ക് കഥാപാത്രങ്ങളെ കൂടുതൽ അറിയിക്കുന്നുണ്ട് സിനിമ ..മാസ്സ് സിനിമ ഇഷ്ടപെടുന്നവരെയും ത്രില്ലർ,ആക്ഷൻ സിനിമകൾ ഇഷ്ടപെടുന്നവരെയും ഒക്കെ ഈ സിനിമ സംപൃപ്തിപ്പെടുത്തും.. അടുത്ത ഭാഗങ്ങൾക്കുള്ള വാതിൽ തുറന്നിട്ടാണ് സിനിമ അവസാനിക്കുന്നത്..കാത്തിരിക്കുന്നു അടുത്ത ചാപ്റ്ററുകൾക്കായി..

 

 

 

 

 

Most Popular

To Top