മലയാളി പ്രേക്ഷകരുടെ മനസ്സ് നിറച്ച് കേരളത്തിലെ തീയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജയസൂര്യയുടെ ‘വെള്ളം’ മുപ്പതാം ദിവസത്തിലേക്ക്. യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വെള്ളം ഈ 2021 വർഷം തിയേറ്ററുകളിൽ റിലീസ് ആകുന്ന ആദ്യത്തെ മലയാള സിനിമ കൂടിയായിരുന്നു. കൊറോണ ലോക്ഡൗണുകൾക്ക് ശേഷം മലയാള സിനിമാ തിയറ്റർ വ്യവസായത്തെ മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള മികച്ച അഭിപ്രായം നേടിയാണ് വെള്ളം ജൈത്രയാത്ര തുടരുന്നത്. 180ലേറെ തീയറ്ററുകളിൽ വെള്ളം വിജയകരമായി പ്രദർശനം തുടരുകയാണ്.
ഒരു സാധാരണ മലയാളി പ്രേക്ഷകന് കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കുന്ന മുരളി എന്ന കഥാപാത്രമായി ജയസൂര്യയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് വെള്ളത്തിലൂടെ കാണാൻ സാധിക്കുക. ജയസൂര്യയുടെ നായികയായി എത്തിയ സംയുക്ത മേനോൻ, തീവണ്ടി എന്ന ചിത്രത്തിന് ശേഷം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവരെക്കൂടാതെ സിദ്ദിഖ്, ബാബു അന്നൂർ, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിർമൽ പാലാഴി, ഇന്ദ്രൻസ്, ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും വെള്ളത്തിന്റെ മാറ്റുകൂട്ടുന്ന വിധം ഗംഭീരമായിരുന്നു.
ബിജിപാലാണ് വെള്ളത്തിനുവേണ്ടി മനോഹരമായ സംഗീതം ഒരുക്കിയന്ത്. വടക്കൻ കേരളത്തിന്റെ സൗന്ദര്യം ഭംഗിയായി പകർത്തിയ ക്യാമറാമാൻ റോബി വർഗീസ് മികച്ചുനിന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മനമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വെള്ളം സിനിമയുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ ഈയടുത്ത് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ നിർമ്മാതാക്കൾ കൈക്കൊണ്ടിരുന്നു.