IN THEATER NOW

“കുടുംബപ്രേക്ഷകർ അടക്കം ആഘോഷമാക്കി ആക്ഷൻ സൂപ്പർസ്റ്റാറിന്റെ തിരിച്ചുവരവ്”; സുരേഷ് ഗോപിയുടെ ‘കാവൽ’ സൂപ്പർഹിറ്റ് #റിവ്യൂ

ഒരു കാലത്ത് മലയാള സിനിമയിൽ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന നിലയിൽ പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന കോമേഴ്‌ഷ്യൽ സിനിമകൾ സമ്മാനിച്ച നായകൻ സുരേഷ് ഗോപി കുറേ കാലമായി സിനിമകളിൽ വേണ്ടത്ര സജീവം ആയിരുന്നില്ല. എന്നാൽ ആ പഴയ ആർജ്ജവത്തോടെ വീണ്ടും തിയേറ്റർ സ്ക്രീനുകളിൽ പ്രകമ്പനം തീർക്കാൻ എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. നിതിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കാവൽ’ എന്ന പുതിയ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. മാസ്സ് ആയും ക്ലാസ്സ് ആയും ഒരേസമയം സ്‌ക്രീനിൽ നിറഞ്ഞാടിയിരിക്കുകയാണ് ഈ സിനിമയിലൂടെ സുരേഷ് ഗോപി.

കാക്കി കുപ്പായമണിഞ്ഞ് രഞ്ജി പണിക്കരുടെ തിരക്കഥയിൽ ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സുരേഷ് ഗോപി ഇപ്പോൾ വർഷങ്ങൾക്ക് ശേഷം രഞ്ജി പണിക്കരുടെ മകന്റെ സിനിമയിലൂടെ വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ ഒരു ഫീൽ ഗുഡ് തിരിച്ചുവരവ് സുരേഷ് ഗോപി നടത്തിയിരുന്നുവെങ്കിലും ഒരു ആക്ഷൻ പാക്ക്ഡ് സിനിമ താരത്തിൽ നിന്നും ഉറ്റു നോക്കുകയായിരുന്നു ആരാധകർ. ആരാധകരെ തൃപ്തിപ്പെടുത്തി കൊണ്ടാണ് സുരേഷ് ഗോപിയുടെ ‘കാവൽ’ എന്ന സിനിമ ഇപ്പോൾ മികച്ച റെസ്പോൺസ് റിലീസ് സെന്ററുകളിൽ നിന്ന് നേടുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ‘കസബ’ എന്ന സൂപ്പർഹിറ്റ് സിനിമ ചെയ്തുകൊണ്ടാണ് നിതിൻ രഞ്ജി പണിക്കരുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. അതിനുശേഷം നീരും ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സുരേഷ് ഗോപി നായകനായ ‘കാവൽ’. മകന്റെ സിനിമയിൽ അച്ഛൻ രഞ്ജി പണിക്കരും ഒരു നിർണായക കഥാപാത്രമായി എത്തുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. രഞ്ജി പണിക്കരുടെ ആന്റണി എന്ന ഒരു മധ്യവയസ്കനായ കഥാപാത്രത്തിൽ നിന്നാണ് സുരേഷ് ഗോപിയിലേക്ക് സിനിമ സഞ്ചരിക്കുന്നത്. സുരേഷ് ഗോപിയുടെ തമ്പാൻ എന്ന കഥാപാത്രം പിന്നീട് സിനിമയുടെ നെടുംതൂണായി മാറുന്ന കാഴ്ചയ്ക്കാണ് പിന്നീടുള്ള സമയങ്ങൾ സാക്ഷ്യം വഹിക്കുന്നത്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന തമ്പാനും രഞ്ജി പണിക്കരുടെ ആന്റണിയും ഹൈറേഞ്ചില്‍ അവരുടെ ബിസിനസ് നോക്കി നടന്നിരുന്ന കാലത്ത് പൊതുപ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും തോട്ടം തൊഴിലാളികളും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മറ്റും തങ്ങളുടെ പിന്തുണയും സാന്നിദ്ധ്യവും അറിയിച്ചിരുന്നവരാണ്. മുന്നും പിന്നും നോക്കാതെ അവർക്ക് വേണ്ടി എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന ഇവർ അന്ന് അധികാരം കൈപ്പിടിയിലാക്കിയിരുന്ന ചിലരെ പ്രകോപിപ്പിച്ചതിന്റെയൊക്കെ അനന്തരഫലങ്ങൾ പിൽക്കാലത്ത് ആന്റണിക്കും തമ്പാനും നേരിടേണ്ടി വരികയാണ്. പുതിയ ജീവിതവുമായി പൊരുത്തപ്പെട്ട് പോകുന്ന തമ്പാന് ആ പഴയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു പോകാൻ താൽപര്യമില്ലായിരുന്നു എങ്കിലും വീണ്ടും ആ പഴയ ഇടത്തേക്ക് അദ്ദേഹത്തിന് തിരിച്ചു വരേണ്ട സാഹചര്യം ഉണ്ടാവുകയാണ്. അങ്ങിനെ തന്നെ ഉറ്റസുഹൃത്ത് ആന്റണി ക്കും കുടുംബത്തിനും ഒരു കാവലായി സുരേഷ്ഗോപി തിരിച്ചുവരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് കാവൽ എന്ന സിനിമ സംവദിക്കുന്നത്.

 

പതിയെയുള്ള തുടക്കമാണ് ചിത്രത്തിന്‍റേത്. ഭൂതകാലം ഏല്‍പ്പിച്ച ആഘാതം കൊണ്ടുനടക്കുന്നയാളെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാവുന്ന തരത്തിലാണ് രഞ്ജി പണിക്കരുടെ ആന്‍റണിയുടെ ആദ്യ ഫ്രെയിം മുതല്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ കുടുംബവും പശ്ചാത്തലവും വിശദമായി പരിചയപ്പെടുത്തിയതിനു ശേഷമാണ് സുരേഷ് ഗോപിയുടെ തമ്പാനിലേക്ക് സിനിമ സഞ്ചരിക്കുന്നത്. തമ്പാന്‍റെയും ആന്‍റണിയുടെയും രണ്ടു വ്യത്യസ്‍ത കാലങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട്. ഒരു ‘മാസ് നായകനെ’ സൃഷ്‍ടിക്കാനായി അനാവശ്യമായി സൃഷ്‍ടിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളല്ല ചിത്രത്തിലേത്. മറിച്ച് പ്രേക്ഷകരെ വൈകാരികമായി കണക്റ്റ് ചെയ്‍തുകൊണ്ടാണ് പഴയ ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയെ ചിത്രം ഫ്രെയ്‍മില്‍ എത്തിക്കുന്നത്. തമ്പാന്‍റെ ഉറ്റ സുഹൃത്ത് ആന്‍റണിയായി മികച്ച താരനിര്‍ണ്ണയമാണ് രണ്‍ജി പണിക്കരുടേത്. ആന്‍റണിയുടെ ആവേശം നിറഞ്ഞ ചെറുപ്പവും ഭൂതകാലത്തിന്‍റെ വേദന പേറുന്ന മധ്യവയസ്സും രണ്‍ജി പണിക്കര്‍ നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലും ആക്ഷന്‍ സീക്വന്‍സുകളിലും പഴയ മാസ് കഥാപാത്രങ്ങളെ അനുസ്‍മരിപ്പിച്ച് തിളങ്ങുന്ന സുരേഷ് ഗോപിയുടെ തമ്പാന് ആഴം നല്‍കുന്നത് വൈകാരിക രംഗങ്ങളാണ്. പോയകാലത്തിന്‍റെ ഒരു വ്യഥ പേറുന്ന തമ്പാനെ ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം.

സുരേഷ് ഗോപി തമ്പാനായി കാവലിൽ തകർത്താടുമ്പോൾ ആന്‍റണിയായി രണ്‍ജി പണിക്കരും കട്ടയ്ക്ക് സ്കോർ ചെയ്യുന്നുണ്ട്. അതോടൊപ്പം ഈ സിനിമയിലെ മറ്റു താരനിരയും വളരെ മികച്ചു നിന്നിരുന്നു. ആന്‍റണിയുടെ മകളായി വേഷമിട്ട റേച്ചല്‍ ഡേവിഡ്, സബ്ഇൻസ്പെക്ടർ കഥാപാത്രമായി എത്തിയ കിച്ചു ടെല്ലസ്, പി സി ബാലകൃഷ്‍ണനെ അവതരിപ്പിച്ച സാദ്ദിഖ്, പള്ളീലച്ചനായി മികച്ച പ്രകടനം കാഴ്ച്ചവച്ച പദ്‍മരാജ് രതീഷ് എന്നിവർ കാവലിൽ കയ്യടി നേടുന്നുണ്ട്. ഫിലിംമേക്കർ കൂടിയായ ശങ്കര്‍ രാമകൃഷ്‍ണന്‍ ഈ സിനിമയിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താൻ മികച്ച ഒരു നടൻ കൂടിയാണ് എന്ന് നിസ്സംശയം തെളിയിച്ചിരിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് എന്ന നെഗറ്റീവ് ആയിട്ടുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം ഗംഭീരമാക്കിയത്.

 

ഹൈറേഞ്ച് പശ്ചാത്തലങ്ങളുടെ തനിമയെല്ലാം ഒപ്പിയെടുത്ത് നിഖില്‍ എസ് പ്രവീണ്‍ കാവലിന്റെ ചായാഗ്രഹണം വളരെ മനോഹരം ആക്കിയപ്പോൾ രഞ്ജിൻ രാജിന്റെ ഗാനങ്ങളും സംഗീതവും സിനിമയുടെ മാറ്റ് കൂട്ടുകയാണ്. എഡിറ്റിങ് ചെയ്ത മന്‍സൂറിന്‍റെ സംഭാവനയും സിനിമയിൽ ഏറെ വിലപ്പെട്ടതാണ്. മാസ്സ് ആക്ഷൻ രംഗങ്ങൾ മാത്രമല്ല സിനിമയിലെ ഏറ്റവും മുഖ്യമായ ഘടകം ഇമോഷണൽ രംഗങ്ങളാണ്. വളരെ ഇമോഷണൽ ആയ ഒരു ഡ്രാമയും സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്. വെറും മാസ്സ് മസാല കൊമേഷ്യൽ സിനിമ ആകാതെ കുടുംബ പ്രേക്ഷകർക്ക് മനസറിഞ്ഞു ആസ്വദിക്കാവുന്ന എല്ലാത്തരത്തിലുള്ള സെന്റിമെൻസ് ഈ സിനിമയിൽ അനുഭവിച്ചറിയാൻ സാധിക്കും. നടൻ സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാകും കാവൽ എന്ന സിനിമ എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Popular

To Top