COMING SOON

ഏപ്രിൽ മാസം തുരുതുരാ സിനിമാ റിലീസുകളുടെ മാസം; പ്രേക്ഷകർ കാത്തിരിക്കുന്ന മലയാളം – തമിഴ് സിനിമകളുടെ റിലീസുകൾ ഇതാ

ഏപ്രിൽ മാസം സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രതീക്ഷകളുടെ മാസമാണ്. ഒരുപാട് പ്രതീക്ഷകൾ നൽകുന്ന സൗത്ത് ഇന്ത്യൻ സിനിമകൾ ഒരുപാട് റിലീസാകുന്ന മാസം. മലയാള സിനിമയിൽ നിന്നും ഒരുപിടി ചിത്രങ്ങളാണ് ഏപ്രിൽ മാസത്തിൽ റിലീസ് കാത്തുനിൽക്കുന്നത്. കോവിഡും മറ്റു പ്രതിസന്ധികളും കാരണം റിലീസ് വൈകിയതും ഈയടുത്തകാലത്ത് ഷൂട്ടിംഗ് തീർന്നതും ആയ ഒരുപാട് സിനിമകൾ ഏപ്രിൽ റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഭൂരിഭാഗം ചിത്രങ്ങളും തിയേറ്റർ റിലീസായാണ് എത്തുന്നത് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. മലയാള സിനിമയിൽ നിന്ന് അനുഗ്രഹീതൻ ആന്റണി, ഇരുൾ, ആർക്കറിയാം, നിഴൽ ചതുർമുഖം എന്നിവയും തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയുള്ള മാരി സെൽവരാജ് ധനുഷ് ചിത്രം കർണ്ണൻ എന്നിവയാണ് ഏപ്രിൽ മാസത്തിലെ ആദ്യ വാരത്തിൽ ഉള്ള പ്രധാന റിലീസുകൾ.

അനുഗ്രഹീതൻ ആന്റണി

ഏപ്രിൽ 1ന് യുവതാരം സണ്ണി വെയിൻ നായകനാകുന്ന “അനുഗ്രഹീതൻ ആന്റണി” എന്ന ഒരു കൂട്ടം നവാഗതരുടെ സിനിമ കേരളത്തിലെ പ്രധാന തിയേറ്ററുകളിൽ റിലീസിന് എത്തുകയാണ്. നവാഗതനായ പ്രിൻസ് ജോയ് ഈ ചിത്രം സംവിധാനം ചെയ്യുമ്പോൾ ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാലാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്. സണ്ണി വെയിനിനൊപ്പം ’96’ ഫെയിം ഗൗരി, നടൻ സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയ എണ്ണം പറഞ്ഞ താരനിരതന്നെയുണ്ട്. ഈ സിനിമയ്ക്കായി സെൽവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തന്ത്. സണ്ണി വെയ്നിന്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള നിർണായക സിനിമ കൂടിയാണ് അനുഗ്രഹീതൻ ആന്റണി.

ഇരുൾ

ഏപ്രിൽ 2ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിൽ നായകനാകുന്ന ഡാർക്ക് മൂഡ് ത്രില്ലർ സിനിമ “ഇരുൾ” ഒടിടി വഴി റിലീസ് ആവുകയാണ്. ഈ സിനിമ നെറ്റ്ഫ്ലിക്സ് വഴിയാണ് എത്തുന്നത്. ഇതിനുമുമ്പ് സീ യു സൂൺ എന്ന ഫഹദ് ഫാസിൽ ചിത്രം ഒടിടി റിലീസായി ആമസോൺ വഴി എത്തി മികച്ച അഭിപ്രായം നേടിയിരുന്നു. ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇരുൾ. സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ഏറെ പ്രതീക്ഷയോടെ സിനിമ മോഹികൾ കാത്തിരിക്കുന്ന ഈ ഫഹദ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം ചെയ്തത്.

ആർക്കറിയാം

ഏപ്രിൽ 3ന് ബിജു മേനോൻ നായകനാകുന്ന “ആർക്കറിയാം” എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. പ്രമുഖ നായിക പാർവതി തിരുവോത്ത് നടൻ ഷറഫുദ്ദീൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു വയസ്സന്റെ വേഷത്തിലാണ് ബിജുമേനോൻ എത്തുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. മഹേഷ് നാരായൺ എഡിറ്റിംഗ്, ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം എന്നിവ നിർവ്വഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ഗാനങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റുകളാണ്.

നിഴൽ

ഏപ്രിൽ 7ന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന “നിഴല്‍” തിയേറ്ററുകളിൽ എത്തുകയാണ്. സിനിമാ മേഖലയിലെ പ്രശസ്ത എഡിറ്റർ അപ്പു.എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ നിർമ്മാണം ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ്. ത്രില്ലർ സ്വഭാവത്തിലുള്ള ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരും നിഴലിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. നിഴലിന്റെ ഛായാഗ്രഹണം ദീപക്.ഡി.മേനോൻ നിർവ്വഹിക്കുമ്പോൾ അരുണ്‍ലാല്‍ എസ്.പിയും സംവിധായകനായ അപ്പു എൻ.ഭട്ടതിരിയും ചേർന്നാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. നിഴലിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസും പി.ആര്‍.ഓ പി.ശിവപ്രസാദും നിർവഹിക്കുന്നു.

ചതുർമുഖം

ഏപ്രിൽ 8ന് മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും നടൻ സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന “ചതുർമുഖം” തീയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാള സിനിമയിൽ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമ എന്ന പ്രത്യേകതയോടെയാണ് ചതുർമുഖം റിലീസിന് ഒരുങ്ങുന്നത്. നവാഗതരായ രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചത്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസുമൊത്ത് ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസ്സും ഒരുമിച്ചു ചേർന്നാണ് ചതുർമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വൽമീകം എന്നീ ചിത്രങ്ങളുടെ സഹ എഴുത്തുകാരായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഈ സിനിമയുടെ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ആമേൻ, ഡബിൾ ബാരൽ, നയൻ തുടങ്ങിയ സിനിമകൾ ചെയ്ത അഭിനന്ദൻ രാമാനുജമാണ്.

കർണ്ണൻ

ഏപ്രിൽ 9ന് മലയാള സിനിമ പ്രേക്ഷകർ അടക്കം കാത്തിരിക്കുന്ന ദേശീയ പുരസ്കാര ജേതാവ് ധനുഷ് നായകനാകുന്ന “കർണ്ണൻ” എന്ന ഒരു തമിഴ് സിനിമ റിലീസ് ആവുകയാണ്. തമിഴ്നാട് ഇളക്കിമറിച്ച പരിയേറും പെരുമാൾ എന്ന മികച്ച കാലിക പ്രസക്തിയുള്ള സിനിമ സംവിധാനം ചെയ്ത മാരി സെൽവരാജിന്റെ രണ്ടാമത്തെ സിനിമ കൂടിയാണ് കർണ്ണൻ. മലയാളത്തിലെ പ്രമുഖ നടി രജിഷ വിജയൻ ഈ സിനിമയിലൂടെ ധനുഷ്യന്റെ നായികയായി തമിഴിലേക്ക് സാന്നിധ്യം അറിയിക്കുകയാണ്. മലയാളത്തിൽ നിന്നും ലാലും പ്രധാന കഥാപാത്രമായി കർണ്ണനിലുണ്ട്. പേരൻബ് ചെയ്ത തേനി ഈശ്വരാണ് ഛായാഗ്രഹണം. സംഗീതം ചെയ്യുന്നത് സന്തോഷ് നാരായണനും. കലൈപുലി തനുവിന്റെ വി. ക്രിയേഷൻസാണ് കർണ്ണൻ നിർമ്മിക്കുന്നത്.

Most Popular

To Top