മലയാളികളുടെ പ്രിയനടൻ ബിജു മേനോനെ നായകനാക്കി സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ ഏപ്രിൽ 15 മുതൽ ജി.സി.സി രാജ്യങ്ങളിൽ റിലീസിന് എത്തുകയാണ്. ബോളിവുഡ് മുതൽ മറ്റു ദക്ഷിണേന്ത്യന്‍ സിനിമകളിൽ എല്ലാംതന്നെ സജീവ സാന്നിധ്യമായ ഛായാഗ്രാഹകന്‍, മലയാളി കൂടിയായ സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘ആർക്കറിയാം’. ഏപ്രിൽ 3ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ‘ആർക്കറിയാം’ ഗംഭീര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. പാർവതി തിരുവോത്ത് ഷറഫുദ്ദീൻ എന്നിവരും കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ഈ സിനിമ കേരളത്തിലെ പ്രേക്ഷകർ മനസറിഞ്ഞു സ്വീകരിക്കുന്ന വേളയിലാണ് ഇപ്പോൾ ജി.സി.സി രാജ്യങ്ങളിലും എത്താൻ പോകുന്നത്.
റോയ് എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന് എത്തുന്നത്. റോയുടെ ഭാര്യ ഷേര്‍ലിയായി പാര്‍വതി തിരുവോത്ത് അഭിനയിക്കുമ്പോൾ ഷേര്‍ലിയുടെ അപ്പനും റിട്ടയേര്‍ഡ് കണക്ക് മാഷുമായ ഇട്ടിയവിര എന്നൊരു വയസ്സന്റെ വേഷത്തിലാണ് ബിജുമേനോൻ ഈ സിനിമയിൽ കയ്യടി നേടുന്നത്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നു നിർമ്മിച്ച ഈ സിനിമയുടെ തിരക്കഥ സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ് എഴുതിയിരിക്കുന്നത്. മഹേഷ് നാരായൺ എഡിറ്റിംഗ് ചെയ്തിരിക്കുന്നു. ജി ശ്രീനിവാസ് റെഡ്ഢിയാണ് വളരെ മനോഹരമായി ഛായാഗ്രഹണം നിർവ്വഹിച്ചത്. ഈ സിനിമയുടെ പശ്ചാത്തല സംഗീതം ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സഞ്ജയ് ദിവേച്ഛയാണ് ചെയ്തിരിക്കുന്നത്.