ഹ്രസ്വചിത്രമായ ‘കാക്ക’ ശ്രദ്ധ നേടുന്നു. ആത്മാർത്ഥമായി സിനിമയെ സ്നേഹിക്കുന്ന ഒരുകൂട്ടം സിനിമാമോഹികൾ സിനിമയെപ്പറ്റി ചർച്ച ചെയ്യാൻ 2016ൽ ആരംഭിച്ച ‘വെള്ളിത്തിര’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഉടലെടുത്തതാണ് ‘കാക്ക’. ഈ കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്കാരം ഈ ഒരു ചെറു സിനിമയിലൂടെ നടന്നു എന്നുവേണം പറയാൻ. സംവിധായകനും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം ‘വെള്ളിത്തിര’ ഗ്രൂപ്പിലെ അംഗങ്ങൾ തന്നെയാണ് എന്നതാണ് സവിശേഷത. ‘കാക്ക’യുടെ പോസ്റ്ററുകളും പാട്ടുമെല്ലാം ഹിറ്റായിരുന്നു. വിഷുനാളിൽ NEESTRESM എന്ന ഒ.ടി.ടി പ്ലാറ്റഫോമിലൂടെയാണ് ഈ ചെറുചിത്രം റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
🚩
സ്ത്രീ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് സമകാലികമായ കാര്യങ്ങളടക്കം പ്രതിപാദിക്കും വിധം ‘കാക്ക’ ചെയ്തിരിക്കുന്നത്. കറുത്ത നിറമുള്ള പല്ല് പൊങ്ങിയ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇതിവൃത്തം. പ്രണയമോ കല്യാണമോ നടക്കാതെ പോകുന്നതും പരിചയപ്പെടുന്നവർ മറ്റു പലതും ലക്ഷ്യം വയ്ക്കുന്നതുമെല്ലാം കഥയിൽ പ്രതിപാദിക്കുന്നു. ലക്ഷ്മിക സജീവൻ, ശ്രീല നല്ലെടം, ഗംഗ സുരേന്ദ്രൻ, ഷിബുകുട്ടൻ, വിജയകൃഷ്ണൻ, സതീഷ് അമ്പാടി, വിപിൻ നീൽ, വിനു ലാവണ്യ, ദേവസുര്യ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് ‘കാക്ക’യിലെ മുഖ്യ അഭിനേതാക്കൾ. കാക്കയുടെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അജു അജീഷാണ്. ഷിനോജ് ഈനിക്കൽ, ഗോപിക.കെ.ദാസ് എന്നിവർ അജു അജീഷിനൊപ്പം കൂടിച്ചേർന്നാണ് ‘കാക്ക’ എഴുതിയിരിക്കുന്നത്. 256 അംഗങ്ങളുള്ള ‘വെള്ളിത്തിര’ ഗ്രൂപ്പിൽ നിന്നും അറുപതോളം പേർ അവരാൽ കഴിയുന്ന തുകകൾ പിരിവിട്ടാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.